അംഗുലീമാലന്മാര്‍ ഓട്ടം തുടരട്ടെ...! തുടര്‍ന്ന് വായിക്കുക...!











കോസലരാജാവായ പ്രസേനജിത്തിന്‍റെ രാജഗുരു ആയിരുന്നു ബ്രാഹ്മണ കുലത്തില്‍ പിറന്ന പണ്ഡിതനായ ഭാര്‍ഗ്ഗവഗഗ്ഗന്‍. രാജപുരോഹിതന്‍ എന്നതിന് പുറമേ മന്ത്രവാദം, ജ്യോതിഷം എന്നിവയില്‍ പേരെടുത്ത വ്യക്തികൂടി ആയിരുന്നു ഇദ്ദേഹം. ഭാര്യയുമൊത്ത് സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം നയിക്കേ, അദ്ദേഹത്തിനു ഒരു മകന്‍ പിറന്നു. മകന്‍ മഹാക്രൂരനായി വളരും എന്ന് എന്തൊക്കെയോ നിമിത്തങ്ങളാല്‍ തോന്നിയ പണ്ഡിതനായ അച്ഛന്‍, പേരിലെങ്കിലും അതിനൊരു കുറവുണ്ടാകട്ടെ എന്ന് കരുതി മകന് അഹിംസകന്‍ എന്ന് നാമകരണം ചെയ്തു, കാലത്തിനൊത്ത് അഹിംസകനും വളര്‍ന്നു മിടുക്കനായ യുവായായി. പഠനത്തില്‍ മിടുക്കനായ അഹിംസകന്‍ ഉപരിപഠനത്തിനായി തക്ഷശിലയിലേക്ക് തിരിച്ചു. 

അക്കാലത്ത് ബ്രാഹ്മണ യുവാക്കള്‍ തക്ഷയിലയില്‍ വന്നു പണ്ഡിതന്മാരായ ബ്രാഹ്മണരുടെ ഗൃഹങ്ങളില്‍ താമസിച്ച് പഠിക്കുക സാധാരണമായിരുന്നു. അങ്ങിനെ തക്ഷശിലയിലെ ഏറ്റവും യോഗ്യനായ ഒരു ഗുരുവിനെ കണ്ടെത്തി അഹിംസകന്‍ വേദപഠനം ആരംഭിച്ചു. മിടുക്കനായ അഹിംസകന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വേദങ്ങളില്‍ പ്രാവീണ്യം നേടി തദ്വാരാ ഗുരുവിന്റെ അരുമ ശിഷ്യനായി മാറുകയും അത് മറ്റുള്ള വിദ്യാര്‍ഥികളില്‍ അസൂയ ജനിപ്പിക്കുകയും ചെയ്തു. അഹിംസകനെ എങ്ങിനെ ഇല്ലാതാക്കാം എന്നതായി അവരുടെ ആലോചന. ഒരു ദിവസം അവര്‍ ഗുരുവിനെ സമീപിച്ച് പറഞ്ഞു, അങ്ങയുടെ പ്രിയ ശിഷ്യനായ അഹിംസകന്‍ അങ്ങയുടെ സ്ഥാനം കരസ്ഥമാക്കാന്‍ നോക്കുന്നത് അങ്ങ് അറിയുന്നില്ല. അവന്റെ ലക്ഷ്യം അങ്ങയുടെ സ്ഥാനമാണ്. തക്ഷശിലയിലെ ഏറ്റവും വലിയ പണ്ഡിതനാകുവാന്‍ ആണ് അവന്റെ ശ്രമം. വേദം പഠിച്ച മഹാജ്ഞാനിയായ ഗുരുവിനും ഇത് കേട്ടപ്പോള്‍ ശിഷ്യനെ സംശയമായി. ശരിയാണ്, അവന്‍ വളരെ കഴിവുള്ളവനാണ്. ഇപ്രകാരം അവന്‍ വളര്‍ന്നു വന്നാല്‍ എന്റെ സ്ഥാനം പോയത് തന്നെ...! പക്ഷെ യുവാവും ശാരീരികമായി ശക്തിമാനുമായ അവനെ നേരിടാന്‍ കഴിവില്ലാത്ത വൃദ്ധനായ ഞാന്‍ എന്ത് ചെയ്യും...? ഗുരു ആലോചിച്ച് അവസാനം ഒരു പോംവഴി കണ്ടു പിടിച്ചു...!

അടുത്ത ദിവസം ഗുരു അഹിംസകനെ വിളിച്ച് പറഞ്ഞു, നീ വേദങ്ങള്‍ എല്ലാം ഒരുവിധം പഠിച്ച് പണ്ഡിതന്‍ ആയിരിക്കുന്നു. അതിനാല്‍ ഇനി നിനക്ക് പോകാവുന്നതാണ്. ഗുരുദക്ഷിണയായി എന്ത് നല്‍കണം എന്ന് ചോദിച്ച ശിഷ്യനോട് ഗുരു പറഞ്ഞു; എന്റെ ഏറ്റവും മിടുക്കനായ ശിഷ്യനായ നിന്നില്‍ നിന്നും ഞാന്‍ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല, പക്ഷേ നീ ഈ ലോകം മുഴുവന്‍ അറിയപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി നീ എനിക്ക് ആയിരം മനുഷ്യരുടെ വിരല്‍ കൊണ്ട് വന്നു നല്‍കണം. അതുപയോഗിച്ച് നടത്തുന്ന ഒരു ദിവ്യമായ ഹോമത്തിലൂടെ ഞാന്‍ നിന്നെ ലോകത്തിലെ ഏറ്റവും വലിയ ശക്തിമാനാക്കി മാറ്റാം...! വിരല്‍ ലഭിക്കാന്‍ വേണ്ടി ശിഷ്യന്‍ ആരെയെങ്കിലും കൊല്ലുകയും അതുവഴി രാജാവിനാല്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌താല്‍ ശിഷ്യനെ എന്നെന്നേക്കുമായി ഇല്ലാതാക്കാം എന്നായിരുന്നു ഗുരുവിന്റെ ചിന്ത. നോക്കണേ തക്ഷശിലയില്‍ ചതുര്‍വ്വേദങ്ങള്‍ പഠിപ്പിച്ചിരുന്ന ഏറ്റവും പ്രഗല്‍ഭനായ ബ്രാഹ്മണ ഗുരുവിന്റെ ബുദ്ധി...! 

ലോകത്തിലെ ഏറ്റവും വലിയ ശക്തിമാന്‍ ആകണം എന്നതില്‍ അഹിംസകന് ആഗ്രഹക്കുറവ് ഉണ്ടായിരുന്നില്ല. പക്ഷെ ഇത്രയും വിരലുകള്‍ എവിടെ നിന്നും ലഭിക്കും...? അവന്‍ ആലോചിച്ചു, ഏറെ ചിന്തിച്ചു വലഞ്ഞ അവന്‍ അവസാനം രാജ്യാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വിജനമായ ഒരു കാട്ടില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും എന്ത് വിധേനയും ലോകത്തിലെ ഏറ്റവും വലിയ ശക്തിമാന്‍ ആകുക എന്നത് അവന്റെ ഏറ്റവും വലിയ സ്വപ്നമായിക്കഴിഞ്ഞിരുന്നു. അവന്‍ എത്രയും വേഗം കുറെ ആയുധങ്ങള്‍ സംഘടിപ്പിച്ചു, ശേഷം കാട്ടിലൂടെ പോകുന്നവരെ ഓരോരുത്തരെ ആയി ആക്രമിച്ച് വധിച്ച് വിരലുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി. ആദ്യം ശേഖരിച്ച വിരലുകള്‍ അവന്‍ ചരടില്‍ കോര്‍ത്ത് മരക്കൊമ്പുകളില്‍ ഉണങ്ങുവാന്‍ സൂക്ഷിക്കുമായിരുന്നു. പക്ഷെ പക്ഷികളും മറ്റു ജീവികളും താന്‍ "കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം" കൊത്തിവലിക്കുന്നത് കണ്ട അവന്‍ വിരലുകള്‍ നഷ്ടപ്പെട്ടു പോകാതെ ഇരിക്കാന്‍ അതിനെ മാലയായി ധരിക്കാന്‍ തുടങ്ങി. അങ്ങിനെ അഹിംസകന്‍ എന്ന വേദപണ്ഡിതനായ ബ്രാഹ്മണശ്രേഷ്ഠന്‍ "അംഗുലീമാലന്‍" എന്ന് അറിയപ്പെട്ടു. അംഗുലീ എന്നാല്‍ വിരല്‍, വിരല്‍ കൊണ്ടുള്ള മാല അണിഞ്ഞവന്‍ അംഗുലീമാലന്‍. നിരവധി മനുഷ്യരെ ദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കി അംഗുലീമാലന്‍ തന്റെ ജൈത്രയാത്ര തുടര്‍ന്നു. ഇത് അംഗുലീമാലന്‍ എന്നൊരു വ്യക്തിയുടെ ചരിത്രം മാത്രം ആണെങ്കിലും അക്കാലത്ത് ഭാരതം മുഴുവന്‍ നില നിന്നിരുന്ന "വൈദികസംസ്കാരം" എന്തായിരുന്നു എന്ന് ഇതില്‍ നിന്നും ഒരുവിധം മനസ്സിലാക്കാവുന്നതാണ്. ഏകദേശം മൂവായിരം വര്‍ഷം മുന്‍പ് നിലവിലുണ്ടായിരുന്ന ഈ സംസ്കാരവും, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും "ചാതുര്‍വര്‍ണ്ണ്യ ഭ്രാന്താലയമായി" തുടരുന്ന ഭാരത സംസ്കാരവും എവിടെ നിന്നും ഉണ്ടായി എന്നും, ആര് ഇവയെ വ്യാഖ്യാനിച്ച് താങ്ങി നില നിര്‍ത്തുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ വിഡ്ഢികള്‍ നടത്തുന്ന നിഴല്‍യുദ്ധം ഒഴിവാക്കാന്‍ കഴിയും, ഇവിടെ മഹത്തായ യഥാര്‍ത്ഥ ധര്‍മ്മം പുലരുകയും ചെയ്യും...! അതവിടെ നില്‍ക്കട്ടെ...!

ഏറ്റവും വൃത്തിഹീനമായ രീതിയില്‍ ഭാരതീയ സംസ്കാരം അധ:പതിച്ച ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു ഭഗവാന്‍ ശ്രീബുദ്ധനും ജീവിച്ചിരുന്നത്. മഹത്തരമാണ് എന്ന് ആളുകള്‍ ഉദ്ഘോഷിക്കുന്ന വേദങ്ങളില്‍ നിന്നും; വേദം പഠിപ്പിക്കുന്ന പണ്ഡിതന്മാരായ ഗുരുക്കന്മാരില്‍ നിന്നും താന്‍ അന്വേഷിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ലഭിക്കാതെ ഇരുന്നതും,   അത് പഠിച്ചവരില്‍ നില നില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രൂരതകളും നേരിട്ട് കാണുവാന്‍ ഇടയായതും ബുദ്ധനെ വേദങ്ങളില്‍ നിന്നും പാടെ അകറ്റി. പഠിച്ചവര്‍ക്ക് ഒരു നല്ല സംസ്കാരം നല്‍കാന്‍ കഴിയാത്ത ഗ്രന്ഥങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം...? ഇത് തന്നെ വീണ്ടും വീണ്ടും പഠിച്ച് നശിക്കുന്ന മനുഷ്യരെ ഈ ക്രൂരതകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും എങ്ങിനെ രക്ഷിക്കും...? ചുറ്റുമുള്ള മനുഷ്യരുടെ കഷ്ടതകള്‍ കണ്ടു മനം മടുത്ത കരുണാനിധിയായ സിദ്ധാര്‍ത്ഥനു കൊട്ടാരത്തിലും അവിടത്തെ സുഖലോലുപതയിലും ശാന്തി ലഭിച്ചില്ല. തന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം തേടി എല്ലാം ഉപേക്ഷിച്ചിറങ്ങിയ സിദ്ധാര്‍ത്ഥന്‍ അങ്ങിനെ ആരെയും പിന്തുടരാതെ സ്വയം സത്യത്തെ അന്വേഷിച്ച് ബോധോദയം നേടി ശ്രീബുദ്ധനായി. സത്യത്തെ ആത്മാര്‍ഥമായി അന്വേഷിക്കുന്ന വ്യക്തിക്ക് ഗ്രന്ഥങ്ങളോ പ്രമാണങ്ങളോ ആവശ്യമില്ല എന്ന് അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ തെളിയിച്ചു. ആരുടേയും സഹായം കൂടാതെ താന്‍ സ്വയം അറിഞ്ഞ സത്യത്തെ പ്രാപിക്കുക എന്നത് ഏവര്‍ക്കും സാധ്യമാണ് എന്ന് ലോകത്തെ അറിയിക്കുവാനും അതിലൂടെ അവര്‍ പിന്തുടരുന്ന അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും രക്ഷിക്കുവാനും ഒരു രാജകുമാരനായിരുന്ന, രാജാവാകുമായിരുന്ന ഭഗവാന്‍ ശ്രീബുദ്ധന്‍ ഭിക്ഷാംദേഹിയായ ഒരു സന്യാസിയായി ഒന്നുമില്ലാത്തവനെപ്പോലെ അലഞ്ഞു തിരിഞ്ഞു നടന്നു, കാണുന്നവര്‍ക്കെല്ലാം കാരുണ്യം കിനിയുന്ന സനാതനമായ ധര്‍മ്മോപദേശങ്ങള്‍ നല്‍കി.

നിരവധി ദേശങ്ങള്‍ സഞ്ചരിച്ച ഭഗവാന്‍ ശ്രീബുദ്ധന്‍ അവസാനം കോസലരാജ്യത്തെ വനാതിര്‍ത്തിയിലും എത്തി. തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് വിരലുകള്‍ ശേഖരിച്ച് ഒരു വിരല്‍ കൂടി നേടാന്‍ അടുത്ത ഇരയെ കാത്തിരിക്കുന്ന അംഗുലീമാലന്‍ കുറച്ച് ദൂരെ വനത്തിലൂടെ ഒരാള്‍ മന്ദം മന്ദം നടന്നു പോകുന്നത് കണ്ടു. തന്റെ സ്വപങ്ങള്‍ പൂവണിയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി എന്ന് മനസ്സിലാക്കിയ അംഗുലീമാലന്‍ തന്റെ വാളെടുത്ത് ശ്രീബുദ്ധന് നേരെ കുതിച്ചു പാഞ്ഞു. വളരെ വേഗത്തില്‍ ബുദ്ധനു പുറകെ ഓടിയ അംഗുലീമാലന്‍ അധികം താമസിയാതെ ഒരു സത്യം മനസ്സിലാക്കി. തനിക്ക് മുന്‍പില്‍ വളരെ വളരെ സാവധാനം നടക്കുന്ന ആ വ്യക്തിയുടെ അടുത്തെത്താന്‍ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും, എത്ര വേഗത്തില്‍ ഓടിയിട്ടും തനിക്ക് കഴിയുന്നില്ല. ഓട്ടത്തിന് എത്രയും വേഗം കൂടുന്നുവോ, അത്രയും ദൂരം താന്‍ കൂടുതല്‍ പുറകിലേക്ക് പോകുന്നത് പോലെ അംഗുലീമാലന് അനുഭവപ്പെട്ടു. ക്ഷീണവും ക്രോധവും അതിനുപരിയായി ജീവിതത്തില്‍ ആദ്യമായി ഭയവും പരാജയവും രുചിച്ച അവന്‍ ഉച്ചത്തില്‍ അലറി "നില്‍ക്കൂ". ഞാന്‍ ആരാണെന്ന് നിനക്ക് അറിയില്ലേ...?

മന്ദഹാസം പൊഴിച്ചുകൊണ്ട്‌ ഭഗവാന്‍ ശ്രീബുദ്ധന്‍ തിരിഞ്ഞു നിന്നു, ഏന്തി വലിഞ്ഞു ഓടിയിട്ടും തന്റെ അടുത്തെത്താന്‍ കഴിയാതെ കുഴഞ്ഞു വീഴാന്‍ തുടങ്ങുന്ന അംഗുലീമാലനോട് പറഞ്ഞു, കുഞ്ഞേ ഞാന്‍ നില്‍ക്കുകയാണല്ലോ, ഓടുന്നത് നീയല്ലേ..? അതിനാല്‍ നില്‍ക്കേണ്ടതും നീയല്ലേ...?

എന്താണ് നീയീ പറയുന്നത് ...? ഒന്നും മനസ്സിലാകാതിരുന്ന അംഗുലീമാലന്‍ ക്രോധം കലര്‍ന്ന സ്വരത്തില്‍ ആക്രോശിച്ചു...

ഞാന്‍ ആരെയും ഉപദ്രവിക്കുന്നില്ല അതിനാല്‍ ഞാന്‍ നിശ്ചലനാണ്, പക്ഷെ നീ കരുണയില്ലാത്തവനായി മറ്റുള്ളവരെ കൊന്നൊടുക്കുന്നു. അതുകൊണ്ട് നീ ചലിക്കുന്നു, (കര്‍മ്മം മറ്റൊരു കര്‍മ്മത്തിനും, പാപം മറ്റൊരു പാപത്തിനും വളമായി തീരുന്നതിനാല്‍, ഞാന്‍ ചെയ്യുന്നു എന്ന് ധരിച്ച് ചെയ്യുന്നവന്‍ വീണ്ടും വീണ്ടും ആ കര്‍മ്മചക്രത്തില്‍ ചലിക്കുന്നു). ബുദ്ധന്‍ മറുപടി പറഞ്ഞു.

അപ്പോഴും അഹങ്കാര ഗര്‍വ്വം നിമിത്തം പരാജയം സമ്മതിക്കാതെ ബുദ്ധനെ സമീപിച്ച് വധിക്കാന്‍ അവന്‍ ഓടിക്കൊണ്ടിരുന്നു, പക്ഷെ ഒരിക്കലും ബുദ്ധനു അടുത്തെത്തുക സാധ്യമല്ല എന്ന് മനസ്സിലാക്കിയ അവന്‍, ഈ ഭിക്ഷുവില്‍ ഇപ്പോള്‍ താന്‍ കാണുന്നത് തന്നെയാണ് ഇത്രനാള്‍ തേടിയലഞ്ഞ മഹാശക്തി എന്ന് തിരിച്ചറിഞ്ഞു, ശേഷം ഭഗവാന്‍ ശ്രീബുദ്ധന് മുന്‍പില്‍ അശക്തനായി കുഴഞ്ഞു വീണു, ഈ സമയമത്രയും സര്‍വ്വശക്തിയും എടുത്ത് ഓടിയിട്ടും തനിക്ക് പ്രാപ്തമാകാതെ ഇരുന്ന, എന്നാല്‍ താഴെവീണപ്പോള്‍ തൊട്ടടുത്ത് കാണപ്പെട്ടു തനിക്ക് ശരണം നല്‍കുന്ന പാവനമായ ആ പാദപദ്മങ്ങളില്‍ ശിരസ്സ്‌ സമര്‍പ്പിച്ച് താന്‍ ഇന്നുവരെ ചെയ്തു കൂട്ടിയ കൊടിയ പാപങ്ങളുടെ ആഴം മനസ്സിലാക്കി അവന്‍ തേങ്ങിക്കരഞ്ഞു....!
.....

വളരെയേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടും സമര്‍ത്ഥനായ അംഗുലീമാലനെ കീഴടക്കുവാന്‍ രാജാവായ പ്രസേനജിത്തിനും സൈന്യത്തിനും കഴിഞ്ഞിരുന്നില്ല. പക്ഷെ ഭഗവാന്‍ ബുദ്ധന്‍ ആ വനത്തില്‍ പ്രവേശിച്ചു എന്ന വാര്‍ത്ത‍ ലഭിച്ചപ്പോള്‍ ബുദ്ധഭഗവാന് തന്റെ രാജ്യത്തില്‍ വച്ച് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിലും വലിയ പാപം മറ്റൊന്നില്ല എന്നറിഞ്ഞ രാജാവ് സൈന്യ സമേതം കാടിനടുത്തെത്തി, അവിടെ വിശ്രമിക്കുന്ന ഭഗവാന്‍ ബുദ്ധനെ ദര്‍ശിച്ചു. 

ഹേ ഭഗവന്‍ എനിക്ക് സമാധാനമായി, ഈ കാട്ടില്‍ വളരെ അപകടകാരിയായ ഒരു കൊലയാളിയുണ്ട്, നിരവധി മനുഷ്യരെ ക്രൂരമായി വധിച്ച അവനെ കീഴടക്കുവാന്‍ എനിക്കും എന്റെ സൈന്യത്തിനും ഇതുവരെ സാധിച്ചില്ല, അങ്ങേയ്ക്ക് എന്തെങ്കിലും അപകടം ഉണ്ടാകുമോ എന്ന് ഭയന്ന് ഞാന്‍ ഇവിടെയ്ക്ക് പാഞ്ഞുവന്നതാണ്...!

ഭഗവാന്‍ ബുദ്ധന്‍ മറുപടി പറഞ്ഞു: അല്ലയോ രാജന്‍, ആ കൊലയാളി കുറ്റം മനസ്സിലാക്കി ഒരു സന്യാസിയായാല്‍, ശിഷ്ട ജീവിതം ലോക സേവനത്തിനു മാത്രമായി മാറ്റി വച്ചാല്‍ താങ്കള്‍ അവനോടു ക്ഷമിക്കുമോ...?

ഒരിക്കലും സംഭവ്യമല്ലാത്ത ഒരു ഫലിതം ശ്രവിച്ചത്പോലെ രാജാവ് പൊട്ടിച്ചിരിച്ചു, തീര്‍ച്ചയായും ഞാന്‍ ക്ഷമിക്കും, മറ്റു സന്യാസിമാരെയെന്നപോലെ ഞാന്‍ അവനെ ബഹുമാനിക്കും...!

തൊട്ടടുത്ത് നിന്നിരുന്ന വ്യക്തിയെ രാജാവിന് മുന്നിലേക്ക് നീക്കി നിര്‍ത്തി ബുദ്ധന്‍ പറഞ്ഞു, ഇത് തന്നെയാണ് വര്‍ഷങ്ങളായി താങ്കള്‍ അന്വേഷിക്കുന്ന ആ അംഗുലീമാലന്‍...!

ഞെട്ടിത്തരിച്ച രാജാവ് ഭയന്ന് പിറകിലേക്ക് മാറി...! ബുദ്ധന്‍ പറഞ്ഞു, അല്ലയോ രാജന്‍, അങ്ങ് ഭയക്കേണ്ട, ഇവന്‍ ഇപ്പോള്‍ നിങ്ങള്‍ കരുതുന്ന അംഗുലീമാലനല്ല...! ജ്ഞാനസാധകനായ വെറുമൊരു ഭിക്ഷാംദേഹി...!

സത്യം മുഴുവന്‍ മനസ്സിലാക്കിയ രാജാവ് ബുദ്ധനെ വീണു നമസ്കരിച്ചു, വര്‍ഷങ്ങളോളം ഞാന്‍ ആയുധം കൊണ്ടും സൈന്യബലം കൊണ്ടും ചെയ്യാന്‍ ശ്രമിച്ച് സാധിക്കാതെ ഇരുന്നത് അങ്ങ് നിരായുധനായി വെറുമൊരു മന്ദഹാസം കൊണ്ട് സാധിച്ചിരിക്കുന്നു...!

ബുദ്ധന്‍ വീണ്ടും മന്ദഹസിച്ചു...! നിശ്ചല ബോധത്തിന്റെ മന്ദഹാസം, ആനന്ദഘനമായ പ്രപഞ്ച ബോധത്തിന്റെ, അതിവശ്യമായ തൂമന്ദഹാസം ...!

പക്ഷെ അന്ധവിശ്വാസങ്ങളാകുന്ന വാളുകളും, അനാചാരങ്ങളാകുന്ന ത്രിശൂലങ്ങളും കൈകളിലും, ചാതുര്‍വര്‍ണ്ണ്യമലം ദുഷിച്ചു നാറുന്ന വിഴുപ്പു ഭാണ്ഡം തലയിലുമേന്തി അഭിനവ അംഗുലീമാലന്മാര്‍ ഇന്നും നിശ്ചലനായ ബുദ്ധനു പുറകെ ഏന്തി വലിഞ്ഞ് കിതച്ചോടുന്നു....! 
ഒരിക്കല്‍ അവരും ഇങ്ങനെ ആ കാല്‍ക്കല്‍ വീഴും...!
അവരില്‍ ഒരാള്‍ ആയിരുന്നു ഈ ഞാനും; പ്രപഞ്ചത്തെയും ബുദ്ധനെയും കീഴടക്കാന്‍ കുതിച്ചോടിയ അംഗുലീമാലന്മാരില്‍ ഒരാള്‍...!

ഇതാ നമുക്ക് മുന്നില്‍ ബുദ്ധന്‍ മന്ദഹസിക്കുന്നു...! നിശ്ചല ബോധത്തിന്റെ മന്ദഹാസം, ആനന്ദഘനമായ പ്രപഞ്ച ബോധത്തിന്റെ, അതിവശ്യമായ തൂമന്ദഹാസം ...!

-- An Article by SudheesH NamaShivayA --

1 comments:

അതെ! സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ ഭൂമിയിൽ കൂടി കടന്നു പോയ സ്നേഹസ്വരൂപനും കരുണാമയനുമായ ഒരേ ഒരീശ്വരൻ!

Post a Comment